കണ്ണൂർ: " ഡോക്ടർ, എന്നെയൊന്ന് കൊന്നുതരൂ... പ്ലീസ് ...' പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്പോഴും നിസഹായനായി നിലവിളിക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖം ഡോ. കെ. സുദീപിന്റെ മനസിൽനിന്ന് മായുന്നില്ല.
കോവിഡ് കാലത്തിന്റെ തുടക്കം. അജ്ഞതയും ആശങ്കയും ഇരുൾവീഴ്ത്തിയ നാളുകൾ. ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവിനെ രോഗബാധിതനായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കല്യാണം കഴിഞ്ഞിട്ട് അധികമായിട്ടില്ല. ചികിത്സയ്ക്കും ക്വാറന്റൈനും ശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ യുവാവിനെ തകർത്തുകളയുന്നതായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. അവർക്ക് അവനെ വേണ്ട! മാനസികമായി തകർന്ന യുവാവ് പൊട്ടിക്കരഞ്ഞുകൊണ്ട് "കൊല്ലുന്ന' ആ ചോദ്യമെറിഞ്ഞപ്പോൾ ഡോക്ടർമാർ തരിച്ചുപോയി. ഒടുവിൽ ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ച് ബന്ധുക്കളുടെ ആശങ്കയകറ്റി.
ഉള്ളുലയ്ക്കുന്ന ഒരുപാട് അനുഭവങ്ങൾ ചേർത്തണച്ചാണ് ഏഴുവർഷത്തെ സേവനത്തിനുശേഷം ഡോ. കെ.സുദീപ് 22ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് സ്വയം ഒഴിയുന്നത്. 2027 ഏപ്രിൽ വരെ സർവീസുണ്ടെങ്കിലും സൂപ്രണ്ട് പദവി ഒഴിവാക്കി നൽകണമെന്ന് കാണിച്ച് കഴിഞ്ഞ മാസം മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർക്ക് അപേക്ഷ നൽകുകയായിരുന്നു. ഏറെ ഇഷ്ടപ്പെടുന്ന അധ്യാപനത്തിലും രോഗീപരിചരണത്തിലും പൂർണമായി മുഴുകാനാണ് ഡോക്ടറുടെ തീരുമാനം.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ ആദ്യ സൂപ്രണ്ടായി 2019 സെപ്റ്റംബർ 25 നാണ് ഡോക്ടർ സ്ഥാനമേറ്റത്. സംസ്ഥാനത്ത് സർക്കാർ മേഖലയിലേക്ക് ഏറ്റെടുക്കുന്ന മൂന്നാമത്തെ മെഡിക്കൽ കോളജായിരുന്നു പരിയാരം.
എന്നാൽ, ആദ്യ രണ്ടെണ്ണത്തിൽനിന്ന് തീർത്തും വ്യത്യസ്തം. നീണ്ടകാലത്തെ പ്രവർത്തനചരിത്രവും രണ്ടായിരത്തിലേറെ ജീവനക്കാരുമായിരുന്നു വെല്ലുവിളി. എല്ലാ വിഭാഗം ജീവനക്കാരെയും കൂട്ടിയോജിപ്പിച്ച് സ്ഥാപനത്തെ നയിക്കാൻ പ്രാപ്തിയുള്ള ഒരാളെ ഭരണസാരഥ്യം ഏല്പിക്കേണ്ടത് അനിവാര്യമായിരുന്നു.
ഈ അന്വേഷണമാണ് പ്രശസ്ത ഡോക്ടറും അധ്യാപകനുമായ ഡോ. സുദീപിൽ എത്തുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ യൂണിറ്റ് ചീഫും പ്രഫസറുമായിരിക്കെയായിരുന്നു നിയമനം.
9000 കോവിഡ് രോഗികൾ
ചുമതല ഏറ്റെടുത്ത് മാസങ്ങൾക്കകം പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയായിരുന്നു ആദ്യ വെല്ലുവിളി. രണ്ടുഘട്ടങ്ങളിലായി അന്ന് പ്രിൻസിപ്പൽമാരായിരുന്ന ഡോ. റോയിക്കും ഡോ. കുര്യക്കോസിനുമൊപ്പം നടത്തിയ പ്രവർത്തനങ്ങൾ പരിയാരത്തെ സംസ്ഥാനത്തെ മികച്ച കോവിഡ് ആശുപത്രികളിലൊന്നാക്കി മാറ്റി. രണ്ട് വെന്റിലേറ്ററുകളും മൂന്ന് ഐസിയു ബെഡുകളുമായി പരിമിതികളോടെ ആരംഭിച്ച കോവിഡ് ചികിത്സാ വിഭാഗം 60 വെന്റിലേറ്ററുകളും 200 ഐസിയു, 300 വാർഡ് ബെഡുകളുമായി ഉയർത്തി ഗുരുതരാവസ്ഥയിലുള്ള ഒന്പതിനായിരത്തോളം രോഗികളെ ചികിത്സിച്ചു. എല്ലാ പ്രവർത്തനത്തിനും കൂടെനിന്ന സഹപ്രവർത്തകരെ ഡോക്ടർ നന്ദിയോടെയാണ് ഓർക്കുന്നത്. എഴുത്തുകാരൻ കൂടിയായ ഡോ. സുദീപ് ഇക്കാലത്ത് "ദീപിക' ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ജനങ്ങളുടെ ആശങ്കകൾക്കും സംശയങ്ങൾക്കും പരിഹാരമായിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട് പദവിയെ ജനകീയവത്കരിക്കാൻ കഴിഞ്ഞുവെന്നതാണ് പടിയിറങ്ങുന്ന ഡോ. സൂദീപിന്റെ വലിയ സംഭാവന.
വൃക്ക മാറ്റിവയ്ക്കലും
ഓട്ടിസം സെന്ററും
ആശുപത്രി വികസന സമിതി 40 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി പൂർത്തീകരിച്ച മുപ്പതോളം ഡയാലിസിസ് മെഷീനുകൾ സജ്ജീകരിച്ച ഒപി ഡയാലിസിസ് കേന്ദ്രം ഉടൻ ആരംഭിക്കും. മലബാർ മേഖലയിലെ മുച്ചിറി, ക്ലെഫ്റ്റ് പാലറ്റ് (പിളർന്ന അണ്ണാക്ക്) ഉള്ള കുട്ടികളുടെ ചികിത്സയ്ക്കുള്ള കേന്ദ്രമായി കണ്ണൂർ ഗവ. ഡെന്റൽ കോളജിന് അംഗീകാരമായിട്ടുണ്ട് (കേരളത്തിലെ മറ്റൊരു സർക്കാർ ആശുപത്രിയും ഇത്തരത്തിൽ നിലവിൽ എം പാനൽ ചെയ്യപ്പെട്ടിട്ടില്ല). മലബാർ മേഖലയിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഓട്ടിസം സെന്റർ, അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രകിയക്കുള്ള പദ്ധതി. തുടങ്ങാനിരിക്കുന്ന ഈ പദ്ധതികളിലും ഡോ. സുദീപിന്റെ കൈയൊപ്പുണ്ട്. കണ്ണൂർ ഗവ. മെഡി. കോളജിലെ പീഡിയാട്രിക്സ് വിഭാഗം പ്രഫസർ ഡോ. കെ.വി. രാധാമണിയാണ് ഭാര്യ. മക്കൾ: ഡോ. റിഷി എസ്. നാരായണൻ ( സീനിയർ റസിഡന്റ്, കെഎംസി, മണിപ്പാൽ), ഡോ. ഹൃത്വിക് എസ്. നാരായണൻ ( ജനറൽ മെഡിസിനിൽ എംഡി വിദ്യാർഥി, ഗവ. മെഡി. കോളജ്, ഷിമോഗ. മരുമകൾ: ഡോ. റിഷിക ( സീനിയർ റസിഡന്റ്, കെഎംസി, മണിപ്പാൽ).